കലയും കലാകാരനും ആസ്വാദകരും: സദനം കൃഷ്ണന്‍കുട്ടി
കലക്ക് മുന്നില്‍ കലാകാരനോ ആസ്വാദകനോ പ്രഥമന്‍. ആസ്വാദകന്‍ ഇല്ലെങ്കില്‍ കലയും കലാകാരനും ഇല്ല എന്നാണു കൂടുതല്‍ കേട്ട വാദം. പക്ഷെ ദൈവം ഉണ്ടാകുമെന്ന് ഇവര്‍ ആരും ഓര്‍ക്കാറില്ല. യഥാര്‍ത്ഥ കലാകാരനെ ദൈവം കൈവിട്ട ചരിത്രമില്ല. അതിനു ഉദാഹരണം നിരവധിയാണ്. വഴിയെ പറയാം. ആദ്യം എന്താണ് യഥാര്‍ത്ഥ കലാകാരന്‍. കലയെ ധൂര്‍ത്തടിക്കാത്തവന്‍...കല ദൈവ സിദ്ധം തന്നെയാണ്. ജാതകത്തില്‍ ശുക്രന്റെ് അനുഗ്രഹം ഇല്ലാത്ത ഒരുവനും കലാകാരനായ ചരിത്രമില്ല. ഈശ്വര വിശ്വാസി ആയാലും ഇല്ലെങ്കിലും. അങ്ങിനെ കിട്ടുന്ന കലയെ തെരുവിലിട്ട് വലിചിഴക്കാതെ പരിപാലിച്ചാല്‍ ആ കല നമ്മളെയും കൈവിടില്ല. അല്ലെങ്കില്‍ ദൈവം അതിനു വേറെ മാര്‍ഗവും കാണിച്ചു തരും. ഒരു ഉദാഹരണം പറയാം. കഥകളിയെ ഉപാസിച്ചവരില്‍ പരമ പ്രധാനി എന്ന് എല്ലാവരും വാഴ്‌ത്തുന്ന, കഥകളിയിലെ ആരാധനാപുരുഷനായ യശ: പട്ടിക്കാംതൊടി രാവുണ്ണി മേനോന് ഒരു വീടുണ്ടാക്കാന്‍ നാട് മുഴുവന്‍ യാചിക്കേണ്ടി വന്ന കഥ കേട്ടിട്ടുണ്ട്. കഥകളിയുടെ ഈറ്റില്ലമായ, ഏറ്റവും ധനാദ്യന്മാരായ, പട്ടിക്കാംതൊടിയുടെ നാഥന്മാടരായ ഒരു മനക്കാരുടെ മുന്നിലാണ് ഈ സംഭവം. ഇനി ഞാന്‍ ദൃക്‌സാക്ഷിയായ ഒരു ജീവിതം കുറിക്കട്ടെ. എന്റെ ഗുരുനാഥന്‍ ശ്രീ.കീഴ്‌പടം കുമാരന്‍ നായര്‍ ആശാന്‍ കുട്ടിക്കാലത് കഥകളി പഠനം കഴിഞ്ഞു നില്‌ക്കുന്ന കാലം. അന്നൊക്കെ പ്രധാനികള്‌ക്ക് വരെ പ്രതിഫലം കാര്യമായില്ല. പുതിയവരുടെ കാര്യം പറയാനുമില്ല. അമ്മയും ആശാനും മാത്രമേയുള്ളൂ വീട്ടില്‍. ദാരിദ്ര്യം മൂത്ത് ആശാന്‍ മദ്രാസിലേക്ക് നൃത്ത അധ്യാപകനായി പോയി. കുമാരന്‍ ഡാന്‍സ്‌കാരനായി എന്ന് ആസ്വാദകര്‍ പറഞ്ഞു തുടങ്ങി...അദ്ദേഹത്തിന്റെ കലയുടെ മഹത്വം കൊണ്ട് അവിടെ പ്രശസ്‌തനായി. സിനിമകളില്‍ എം.ജീ.ആര്‍..എം.എന്‍.നമ്പ്യാര്‍ എന്നിവരുടെ പ്രിയ ഗുരു ആയി.അന്നൊക്കെ എം.ജീ.ആറിന്റെ ഗുരു എന്നാല്‍ ദൈവത്തിനു സമമാണ്. അങ്ങിനെ ജീവിതം നന്നായി വരുമ്പോള്‍ മഹാകവി വള്ളത്തോളിന്റെ വിളി. കലാമണ്ഡലത്തിലെ അധ്യാപകരെല്ലാം പിണങ്ങി പോയതായിരുന്നു കാരണം. കുമാരനെപോലുള്ളവര്‍ കഥകളിയെ സേവിക്കണം അതുകൊണ്ട് കലാമണ്ഡലത്തില്‍ അധ്യാപകനായിവരണം എന്നാണു മഹാകവിയുടെ ക്ഷണം.
മനസ്സില്‍ മുഴുവന്‍ കഥകളിയായതുകൊണ്ട് ആശാന്‍ മറ്റൊന്നും ചിന്തിച്ചില്ല. തനിക്കുണ്ടായിരുന്ന സൗഭാഗ്യങ്ങളെല്ലാം വിട്ടു ആശാന്‍ കലാമണ്‌ഡലത്തിലെത്തി കഥകളിയെ സേവിച്ചു തുടങ്ങി. കഷ്‌ടി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പഴയവരെല്ലാം പിണക്കം മറന്നു തിരിച്ചെത്തി. മഹാകവി വള്ളത്തോള്‍ കുമാരന്‍ നായര്‍ ആശാനെ കഥകളിയില്‍ നിന്ന് നൃത്ത അധ്യാപകനായി മാറ്റുകയും ചെയ്‌തു. ആശാന്‍ വേദനയോടെ മഹാകവിയോടു പറഞ്ഞു, നൃത്തത്തിനാണെങ്കില്‍ മദ്രാസില്‍ തന്നെ നിന്നാല്‍ മതിയായിരുന്നല്ലോ?.
ആശാന്‍ പിന്നീട് മദിരാശിക്കു തന്നെ മടങ്ങി. മദിരാശി ആശാനെ വീണ്ടും രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. വീണ്ടും കഥകളി പഠിപ്പിക്കാനുള്ള അവസരം വന്നപ്പോള്‍ ആശാന്‍ നാട്ടിലെത്തി. മദിരാശി ജീവിതത്തിലൂടെ ആര്‌ജിച്ച വിജ്ഞാനങ്ങള്‍ കഥകളിയിലെക്കും ആശാന്‍ വ്യാപരിപ്പിച്ചു. അതുവരെയുള്ള നടന്മാര്‍ ആവര്‍ത്തിച്ച അരങ്ങു ശീലങ്ങളില്‍ നിന്ന് മാറിയാണ് ആശാന്‍ സഞ്ചരിച്ചത്. അത് വലിയ ഒച്ചപ്പാടുണ്ടാക്കി. വലിയ വിഭാഗം ആശാന്റെ ആരാധകരായി മാറിയപ്പോള്‍ പ്രമുഖരായ ആസ്വാദകര്‍ ആശാനെതിരെ തിരിഞ്ഞു. കുമാരന്‍ നായര്‍ ഡാന്‍സ്‌് ആണു കളിക്കുന്നതെന്നുവരെ പറഞ്ഞു പരത്തി. ആശാന്‍ ഇതിനോടൊന്നും പ്രതികരിച്ചില്ല. പിന്നിടുള്ള ഏകദേശം 25 വര്‍ഷത്തോളം ആശാന്‍ നിറഞ്ഞു കളിച്ചു. ഇതാണ് വിധിയുടെ ഒരു നിയോഗം. കഥകളി വിട്ടു പല നടന്മാരും ഡാന്‍സിലേക്ക് പോയിട്ടുണ്ട്. പക്ഷെ അവര്‍ക്കൊന്നും പിന്നീട് കഥകളിയില്‍ സ്‌ഥാനം ലഭിച്ചിട്ടില്ല. ഗുരു ഗോപിനാഥ് അടക്കമുള്ളവര്‍ ഇതിനു ഉദാഹരണമാണ്. എന്നാല്‍ ആശാന്റെ കാര്യത്തില്‍ മാത്രം ചരിത്രം വഴി മാറി. ഇതിനിടെ ഞാന്‍ ദൃക്‌സാക്ഷിയായ ചില സംഭവങ്ങള്‍ പറയട്ടെ...
ചലച്ചിത്ര ലോകം എത്രയോ ഡാന്‍സ് അധ്യാപകരെ കണ്ടിട്ടുണ്ട്. പക്ഷെ കുറച്ചു കാലം മാത്രം തമിഴ് സിനിമയില്‍ പ്രവര്‍ത്തിച്ച ആശാന്‍ രണ്ടു ശിഷ്യര്‍ക്ക് പ്രിയനായിരുന്നു. അവര്‍ മറ്റാരും അല്ല എം.ജീ.ആറും എം. എന്‍. നമ്പ്യാരും. ആശാന്റെ കല്യാണത്തിന് കണ്ണൂരില്‍ രാത്രി എത്തി ഒരു കട്ടിലില്‍ കിടന്നുറങ്ങിയ സിനിമയിലെ നായകനെയും വില്ലനെയും കുറിച്ച് നമുക്ക് ഇന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. അവര്‍ ആശാനെ പലവട്ടം തമിഴ് നാട്ടിലേക്ക് തിരിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു. പക്ഷെ ആശാന്‍ കഥകളി വിട്ടില്ല. എം.ജീ.ആര്‍. മുഖ്യമന്ത്രി ആയ കാലത്ത് ആശാനെ മദിരാശിയിലേക്ക് വിളിപ്പിച്ചു. നിര്‍ബന്‌ധം കൂടിയപ്പോളാണ് ആശാന്‍ ചെന്നത്. ഞാന്‍ എന്താണ് ചെയ്‌തു തരേണ്ടാതെന്നായിരുന്നു ചോദ്യം. ആശാന്‍ മറുപടി പറഞ്ഞില്ല. ആശാന്റെ പേരില്‍ എം.ജീ.ആര്‍.ചിത്രം നിര്‍മ്മിക്കാമെന്നും കുറെ ഭുമി മദിരാശിയില്‍ നല്‌കാമെന്നും എല്ലാം പറഞ്ഞിട്ടും ആശാന്‍ അവയെല്ലാം നിരാകരിച്ചു. അവസാനം എം.ജീ.ആര്‍. ആശാന് ഒരു ലോറി വാങ്ങി നല്‌കിയിട്ടെ തിരിച്ചു വിട്ടുള്ളൂ. പക്ഷെ സത്യത്തില്‍ 94 വയസുവരെ ജീവിച്ച ആശാനെ കഥകളി ലോകം ഉപയോഗപ്പെടുത്തിയത് ആകെ 30 വര്‍ഷങ്ങളെ ഉണ്ടാകൂ എന്നത് ആശാന്റ കഴിവുകള്‍ അറിഞ്ഞ എല്ലാവര്‍ക്കും വലിയ വേദനയാണ്. നടന്‍ മോഹന്‍ലാല്‍ സ്വയം നിര്‍മ്മിച്ച ?വാനപ്രസ്‌ഥം? സിനിമയില്‍ മോഹന്‍ലാലിന്റെ ആശാനായി അഭിനയിച്ച കുമാരന്‍നായര്‍ ആശാന്റെ പ്രതിഭയേയും മനസിനെയും കുറിച്ച് മോഹന്‍ലാല്‍ ഇപ്പോഴും പ്രകീര്‍ത്തിക്കാറുണ്ട്. വിധിയുടെ ഗതി കഴിഞ്ഞില്ല. 197480 കാലഘട്ടതിലാണ് കഥകളിയില്‍ മൂന്നുപേര്‍ക്ക് പദ്‌മ ബഹുമതി ലഭിച്ചത്. തുടര്‌ന്ന് പല പ്രമുഖരും കഥകളി ലോകം ഭരിചിരുന്നുവെങ്കിലും അവര്‌ക്കൊ ന്നും പദ്‌മ ലഭിച്ചിരുന്നില്ല. 29 വര്‍ഷകത്തിനു ശേഷം കഥകളി ലോകത്തെ ഞെട്ടിച്ചുകൊണ്ട് കീഴ്‌പടം കുമാരന്‍ നായര്‍ക്ക് പദ്‌മശ്രീ. ആ ഞെട്ടല്‍ ഇപ്പോഴും പലര്‍ക്കും മാറിയിട്ടുണ്ടാവില്ല. ആശാനെക്കാള്‍ പതിന്മടങ്ങ് പ്രശസ്‌തരും ആരാധകരും ഉള്ള നടന്മാര്‍ ഉള്ളപ്പോഴാണിത്. കഥകളി ലോകതെ പ്രമുഖര്‍ അപ്പോഴും ഉറക്കം നടിച്ചു. അപ്പോഴും ആശാന്‍ മൗനം പാലിച്ചു. എന്നാല്‍ ഇരിഞ്ഞാലക്കുടയില്‍ നടന്ന സ്വീകരണത്തില്‍ പ്രശസ്‌ത നര്‍ത്തകി ഡോ.പദ്‌മ സുബ്രഹ്‌മന്ന്യം ആശാനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആ മഹാനായ കലാകാരനെ കുറിച്ച് ലോകത്തോട് പറഞ്ഞതാണ്. ഇത്രയും എഴുതിയത് കലാകാരനും ആസ്വാദകനും വിധിയും തമ്മിലുള്ള ബന്‌ധത്തെ കുറിച്ച് ചിന്തിക്കാനാണ്. കീഴ്‌പടം കുമാരന്‍ നായര്‍ എന്ന കലാകാരനെ വളര്‍ത്തിയത് താനാണെന്നു അവകാശപ്പെടാന്‍ ഒരു ആസ്വാദകനും കഴിയില്ല. മാത്രമല്ല രാജകീയ സൗഭാഗ്യങ്ങള്‍ കഥകളിക്കു വേണ്ടി ഉപേക്ഷിച്ച ആ മനുഷ്യനെ കാണാനും ഭൂരിഭാഗം കഥകളി ആസ്വാദകാരും ശ്രമിച്ചില്ല. 30 വര്‍ഷത്തിനു ശേഷം കഥകളിക്കു പദ്‌മശ്രീ നേടികൊടുത്ത നടനെ അറിഞ്ഞാദരിക്കാന്‍ പോലും പലരും തയ്യാറായില്ല. സ്വന്തം ഇച്ഛാശക്‌തി ഒന്ന് കൊണ്ട് മാത്രമാണ് ആ മനുഷ്യന്‍ പിടിച്ചു നിന്നത്. ആ മാതൃകയാണ് എന്നെപോലുള്ളവരെ കൈപിടിച്ച് നടത്തുന്നത്. കഥകളി പരിപാടികള്‍ കൊണ്ട് മാത്രം ജീവിക്കുന്ന എനിക്കും ഒരു കൈത്താങ്ങ് വേണ്ടിയിരുന്ന പല ഘട്ടങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഒരു ആസ്വാദകനെയും ഞാന്‍ കണ്ടിട്ടില്ല. ഇല്ലായ്‌മ പറയാന്‍ ആഗ്രഹിക്കാത്തതുകാരണം വിശദീകരിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ ചിന്തിക്കുന്നു ആത്‌മാര്‍ഥമായി കലയെ ഉപാസിച്ചാല്‍ കലാകാരനെ കല കൈവിടില്ല. അവിടെ ആസ്വാദകന് രണ്ടാംസ്‌ഥാനമേയുള്ളൂ. എല്ലാത്തിനും അപവാദമുണ്ടെന്നു പറയുംപോലെ കലാകാരനെ സ്‌നേഹിക്കുന്ന യഥാര്‍ത്ഥ ആസ്വാദകനെ ഞാന്‍ മേല്‌പറഞ്ഞതോന്നും ബാധിക്കുന്നുമില്ല.
അനുഭവത്തിന്റെ സാക്ഷ്യം......... സാക്ഷാത്കാരം... ആശാന്‍..................... നല്ല ഒരനുഭവം പകരുന്ന എഴുത്ത്...........................
ReplyDelete