Thursday, November 14, 2013

കഥകളിയും തലമുറകളും : സദനം കൃഷ്‌ണന്‍കുട്ടി
 

 കാലം 1950...... സ്‌ഥലം പാലക്കാട്‌ ജില്ലയിലെ ചെര്‍പ്പുളശ്ശേരി.......

രാത്രി അയ്യപ്പന്‍ കാവില്‍ കഥകളിയാണ്‌. എന്റെ വീട്ടിലെ ഒരുക്കം കണ്ടാല്‍ അവിടെയാണ്‌ കളിക്കുള്ള അണിയറയെന്നു തോന്നും. അച്ഛനും അമ്മയും ഞങ്ങള്‍ പത്തു മക്കളും. നേരത്തെ ഭക്ഷണവും കഴിച്ചു കഥകളിക്കു വേണ്ടി എന്നും തയ്യാറായിട്ടുള്ള കൈതോലപായയും ചുരുട്ടി ചൂട്ടും കത്തിച്ചു പുറപ്പെട്ടു. കളിക്ക്‌ വിളക്ക്‌ വയ്‌ക്കാറാകുന്നതെയുള്ളൂ. പരിസരമാകെ ആസ്വാദക കേസരികള്‍ കയ്യടക്കി തുടങ്ങി. മനക്കലെ അംഗങ്ങളും സന്തുബന്‌ധുക്കളും പരിചയക്കാരും കളി ഭ്രാന്തന്മാരും അടങ്ങുന്ന പ്രമുഖര്‍ മുന്നില്‍ നിരന്നിട്ടുണ്ട്‌. അവരുതന്നെയാണ്‌ മുന്നിലിരിക്കെണ്ടവര്‍. ഇന്നേ അവരെല്ലാം ബൂര്‍ഷ്വാകള്‍ ആയുള്ളൂ. അന്ന്‌ കലാകാരന്മാരുടെ അന്നദാതാക്കളാണവര്‍. കുറുപ്പത്ത്‌ നായര്‍ തറവാട്ട്‌കാരായത്‌ കാരണം വളരെ അകലെയല്ലാതെ ഞങ്ങളും പായ ഇട്ടു. കളിക്ക്‌ വിളക്ക്‌ വച്ചു. വലിയ ഒരു നിലവിളക്കും. രണ്ടു വശത്തും പെട്രോമാക്‌സും. അതിനിടയിലേക്ക്‌ വേഷങ്ങള്‍ ഒന്നൊന്നായി ഇറങ്ങിവന്നു, ദൈവങ്ങളെപോലെ......പകരം ഞാന്‍ ഉയര്‍ന്നുയര്‍ന്നു പോയി അവരുടെ ലോകത്തേക്ക്‌.
ഹൗ! എന്തൊരു വേദന. ഇടക്കൊന്നു മയങ്ങിയ എന്‍റെ തുടയില്‍ അമ്മ പിച്ചിയതാണ്‌. നോക്കടാ കുഞ്ചുനായരുടെ വേഷം. അമ്മയുടെ ശബ്ദമാണ്‌. അസ്‌കിതയോടെ അരങ്ങത്തേക്ക്‌ നോക്കി. സ്വര്‌ണക വര്‌ണങ്ങള്‌ക്കുള്ളിലെ ദൈവങ്ങള്‍. അരങ്ങത്തെ കഥാപാത്രങ്ങളോട്‌ തോറ്റു എന്‍റെ വേദന എന്നെയുപേക്ഷിച്ചു പോയി.

കാലം 2000......... സ്‌ഥലം ഇരിഞ്ഞാലക്കുട.......

അന്ന്‌ രാത്രി എന്റെ മകനു ഒട്ടും മൂഡില്ലത്രെ. രാത്രി വൈകിയത്‌ കാരണമാവണം മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ കുറച്ചു നേരം കഥകളി കാണാം എന്ന്‌ അവന്‍ പറഞ്ഞു. എനിക്ക്‌ സന്തോഷമായി. അവനു ബാല്യം മുതലേ കഥകളിയോട്‌ താത്‌പര്യമുണ്ട്‌. പക്ഷെ ഇപ്പൊ കളി കാണുന്നത്‌ എങ്ങിനെ എന്ന്‌ ഞാന്‍ ആലോചിക്കവേ അവന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്‌തു. അച്ഛാ ദേ പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍...
ഞെട്ടിപ്പോയി!. ഞാന്‍ ജനിക്കും മുന്‍പേ മണ്‍മറഞ്ഞ ആശാന്റെ വേഷം യൂ ട്യൂബിലൂടെ നിറഞ്ഞാടി. ഞാന്‍ മിഴിച്ചു നിന്നു..............!!

വീണ്ടും കാലം 2010.....

 ഞാന്‍ പരിപാടിക്കായി ബാഗുമെടുത്ത്‌ പുറപ്പെടുന്നു. പുറത്തേക്കു കടന്നപ്പോള്‍ എന്റെ പേരക്കുട്ടിയുടെ വിളി..............മുത്തശ്ശാ.......ഞാന്‍ തിരിച്ചു കേറി അവളുടെ അടുത്തെത്തി. മുത്തശ്ശന്‍ പ്രോഗ്രാമ്മിനു പോകുകയാണോ? മുത്തശ്ശിയുടെ കയ്യില്‍ തൂങ്ങുന്ന അഞ്ചു വയസ്സ്‌കാരിയുടെ ചോദ്യം. അതെ എന്ന്‌ പറഞ്ഞു അവള്‌ക്കൊ രുമ്മ കൊടുത്തു ഞാന്‍ വീണ്ടും ഇറങ്ങി. നടക്കുമ്പോള്‍ ഇതുപോലെ പിന്‍വിളി വിളിച്ചതിന്‌ അവളുടെ അമ്മക്ക്‌ മുത്തശ്ശിയുടെ കയ്യില്‍ നിന്ന്‌ കിട്ടിയത്‌ എത്ര അടിയാണെന്ന കാര്യം ഞാന്‍ ഓര്‍ത്തു.


കാലം 2013..............

 നാട്ടിലെ ഒരു ഡോക്ടറുടെ മകളുടെ കല്ല്യാണം....ഞാനും കുടുംബവും വയ്‌കീട്ടത്തെ പാര്‍ട്ടിക്ക്‌ എത്തി. വണ്ടിയില്‍ നിന്ന്‌ ഇറങ്ങിയപ്പോള്‍ തന്നെ ഒന്ന്‌ രണ്ടാളുകള്‍ എന്‍റെ അടുത്തുവന്നു. സ്വീകരിച്ചു. സന്തോഷവും അല്‌പം അഭിമാനവും തോന്നി. പൊടുന്നനെ 8 വയസ്സുകാരി പേരക്കുട്ടിയുടെ അലര്‍ച്ച...മുത്തശാ കാത്‌കാളി.......ഞാന്‍ ചുറ്റും നോക്കുമ്പോള്‍ അതാ ഹാളിന്‍റെ മുന്നില്‍ തന്നെ രണ്ടു കഥകളി വേഷങ്ങള്‍...ഒരു പച്ചയും സ്‌ത്രീയും...ആളുകളെ സ്വീകരിക്കുകയാണ്‌. ഞാന്‍ മിഴിച്ചു നില്‌ക്കെ ആ രണ്ടു വേഷങ്ങള്‍ ഓടി വന്നു എന്‍റെ കാല്‌ക്കല്‍ നമസ്‌കരിച്ചു...ഒരു തരത്തില്‍ ഞാന്‍ അവരെ എണീപ്പിച്ചു നോക്കുമ്പോള്‍....പലപ്പോഴും അരങ്ങത്തേക്ക്‌ പോകും മുമ്പെ അണിയറയില്‍ വച്ചു എന്റെ കാല്‌ക്കല്‍ തൊട്ടു അനുഗ്രഹം വാങ്ങാറുള്ള രണ്ടു ചെറുപ്പം നടന്മാര്‍. പോയി നന്നായി കളിച്ചു വാ എന്ന്‌ മനസാ അനുഗ്രഹിക്കാറുള്ള ഞാന്‍ ഇപ്പോള്‍ എന്ത്‌ പറയണമെന്നറിയാതെ നിന്നുപോയി. പിന്നീട്‌ എങ്ങിനെയോ ഹാളില്‍ കയറി വേഗം വധൂവരന്മാരെ അനുഗ്രഹിച്ചു തിരിച്ചു വണ്ടിയില്‍ കയറിയിരുന്നു. കൂടെ വന്നവര്‍ ഭക്ഷണവും കഴിച്ചു വണ്ടിയില്‍ തിരിച്ചു വന്നതും, എന്തുപറ്റി എന്ന്‌ ചോദിക്കുന്നതും, ഒന്നും കഴിക്കാതെ പോന്നതില്‍ ഡോക്ടര്‍ പരിഭവിച്ചതും എല്ലാം ഞാന്‍ അറിയുന്നുണ്ട്‌. സുഖമില്ലയെന്ന നുണ ഡോക്ടറുടെ മിന്നില്‍ ചെലവായില്ലായെന്ന വിഷമം ഭാര്യക്കുണ്ടെന്നു മാത്രം മനസിലായി..
ദിവസങ്ങള്‍ കഴിഞ്ഞു, സ്‌കൂള്‍ വിട്ടുവന്ന പേരക്കുട്ടിക്ക്‌ പതിവിലധികം സന്തോഷം....അതുകണ്ട എനിക്കും ഭാര്യക്കും അവളുടെ അമ്മയ്‌ക്കും അതിലധികം സന്തോഷം..അവള്‍ പറഞ്ഞു മുത്തശാ ഞാന്‍ ടീച്ചറോടോരു പ്രോമിസ്‌ ചെയ്‌തിട്ടുണ്ട്‌. എന്താ ഞാന്‍ തിരക്കില്‍ സ്‌കൂളിലെ ആനിവെഴ്‌സറി പ്രോഗ്രാം ഫിക്‌സ്‌ ചെയ്‌തപ്പോള്‍ ഗസ്റ്റിനെ വെല്‌കം ചെയ്യാന്‍ മുത്തശന്റെ കഥകളി ഞാന്‍ ഓഫര്‍ ചെയ്‌തു............അന്ന്‌ ഡോക്ടറങ്കിളിന്റെ പാര്‍ട്ടിക്ക്‌ കണ്ടില്ലേ അതുപോലെ..................വേറെ പ്രോഗ്രാം ഏറ്റു ഇത്‌ മിസ്സ്‌ ചെയ്യല്ലേ...........!
മുത്തശ്ശിയും അമ്മയും പൊട്ടിച്ചിരിക്കുന്നത്‌ കണ്ട അവള്‍ നീരസതോടെ അകത്തേക്കോടി. അമ്മയും മകളും എന്റെ നേരെ നോക്കി. വേദനയും കഥാപാത്രങ്ങളും വീണ്ടും എന്‍റെ മനസ്സില്‍ തമ്മിലിടഞ്ഞു..............


4 comments:

  1. Kiran, കഥകളിയിലെ വേഷങ്ങൾക്ക് ചടുലതയുടെ ഭംഗി ആസ്വദിച്ചത് അങ്ങയുടെ വേഷങ്ങളിൽ കൂടി മാത്രമാണ്.

    ReplyDelete
  2. താങ്കൾ പറഞ്ഞത് എത്ര ശെരി.ഇപ്പോൾ ഒരു കഥ ഓര്മ വരുന്നു.ഒരിക്കൽ ഒരു അമ്പല പറമ്പിൽ കച്ചേരിക്ക്‌ പുറപെട്ട ചെമ്പൈ വൈദ്യനാഥ ഭാഗവതരോടു ഒരു ശിഷ്യൻ ചോദിച്ചു അത്രേ...പൂര പറമ്പല്ലേ വലിയ അധ്വാനം വേണ്ടി വരില്ല അല്ലെ?...ചെമ്പൈ പറഞ്ഞ മറുപടി ...ഞാൻ ഭഗവാന്റെ മുൻപിൽ ആണ് പാടുന്നത്.എവിടെ ആയാലും.എപോഴായാലും.എനിക്കറിയാവുന്നത് എവിടെ ആയാലും കേള്ക്കാൻ ആളുണ്ടായാലും ഇല്ലെങ്കിലും ഞാൻ പാടണം.അതാണ്‌ എന്റെ ധര്മം.ആസ്വാദകർ അവിടെ വിഷയമല്ല....എന്ന്.
    നമ്മുടെ ആവശ്യം അനുസരിച്ചല്ലല്ലോ ദീപം പ്രകാശിക്കുന്നത്.അത് അതിന്റെ ധര്മം.ആവശ്യം എങ്കിൽ നമുക്കുപയോഗിക്കാം.ആവശ്യം ഇല്ലെങ്കിലും അത് പ്രകാശിക്കും.

    ReplyDelete
  3. Thanks and that i have a super provide: How Much House Renovation split level home additions

    ReplyDelete